Wednesday, January 12, 2011

ഉറങ്ങാത്ത കണ്പോളകള്‍

കണ്പോളകള്‍ തമ്മില്‍ അകലാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ എന്റെ കണ്ണ് തുറന്നത്. സമയം ഏകദേശം ആറ്‌ മണി.  ഇന്നെന്തേ അലാറം അടിച്ചില്ലേ ? കുറച്ചു കൂടി കിടക്കാം, ഞാന്‍ കണ്ണുകള്‍ ഇറുക്കി അടക്കാന്‍ ശ്രമിച്ചു. പക്ഷെ, പരസ്പരം പിണങ്ങിയ പോലെ കണ്പോളകള്‍ ബലമായി അകന്നു പോകുന്നു. ഓ, ഇന്നെന്താ ഇങ്ങനെ ? ഞാന്‍ മൊബൈല്‍ എടുത്തു നോക്കി. സമയം 5:59  (am). അലാറം set  അല്ല താനും. അപ്പോളാണ് ഞാന്‍ അത് കണ്ടത്. "8 Jan 2010 Sat". അത് ശരി, അപ്പൊ വെറുതെയല്ല ഇന്ന് രാവിലെ തന്നെ ഉറക്കം ഉണര്‍ന്നത്. ഡ്യൂട്ടി ഉള്ള ദിവസങ്ങളില്‍ തുറന്നാലും തുറന്നാലും അടഞ്ഞു പോകുന്ന കണ്പോളകള്‍ ആണ് ഇന്ന് ഇങ്ങനെ..... ചെറിയ കുട്ടികളും ഇങ്ങനെയാ, ഒഴിവു ദിവസങ്ങളില്‍ നേരത്തെ ഉണരും. കളിക്കാനുള്ള സമയം കുറയരുതല്ലോ. എന്നാല്‍ സ്കൂളില്‍ പോകേണ്ട ദിവസങ്ങളില്‍ ഉണരുകയേ  ഇല്ല. പരമാവധി നേരം വൈകിക്കും. പിന്നെ ഒരു വഴിയുമില്ല എന്ന് കാണുമ്പോള്‍ എഴുന്നേറ്റു വരും. ഏതായാലും ഉണര്‍ന്നു. ഞാന്‍ എഴുന്നേറ്റു ഒരു കപ്പു ചായ ഉണ്ടാക്കി അതും കൊണ്ട് ടി.വി.യുടെ മുന്‍പില്‍ പോയിരുന്നു. അല്ലാതെന്തു  ചെയ്യാന്‍ ?

രാവിലെ തന്നെ ചിലരൊക്കെ "ശ്രുതി"യും "സംഗതി"യും പോയ വഴിയും നോക്കിയിരിക്കുന്നുണ്ട്.  പറയുന്ന കേട്ടാല്‍ തോന്നും ഇവരൊക്കെ പാടുമ്പോള്‍ "ശ്രുതി"യും "സംഗതി"യും ഒക്കെ എങ്ങോട്ടും പോകാതെ ഇവരെയൊക്കെ ചുറ്റി പറ്റി ഉണ്ടാകും എന്ന്. പാവം കുട്ടികളോട് "ആ വരിയോന്നു പാടിയേ", "ഈ വരിയോന്നു പാടിയേ" എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓര്മ വരുന്നത് കമലഹാസന്റെ ചിരഞ്ജീവിയായ "സേനാപതി"യും (ഇന്ത്യന്‍) വിക്രമിന്റെ നമുക്കാര്‍ക്കും അന്യരല്ലാത്ത "നമ്പി"യും "അന്യനും" (അന്യന്‍) എല്ലാമാണ്. വാര്‍ത്തകളിലെല്ലാം അഴിമതി മാത്രം. അഴിമതി നടത്തുന്നവര്‍ക്കൊക്കെ "അഴി" മതി എന്ന് സര്‍കാരും പറഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. എന്തിനധികം പറയുന്നു, ഈ വാര്‍ത്തകളൊക്കെ നമുക്ക് എത്തിച്ചു തരുന്നവരില്‍ ചിലരും ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ചിലരും ഇവരുടെ കൂട്ടത്തില്‍ ഉണ്ട് എന്ന് കേട്ടപ്പോള്‍ ഞെട്ടിയില്ല.  കാരണം, വാര്‍ത്തകള്‍ കേട്ട് ഞെട്ടാന്‍ തുടങ്ങിയാല്‍ നമ്മള്‍ എന്നും ഞെട്ടി വിറക്കും. അപ്പോളും ഞെട്ടാത്തവരായി ഇവരൊക്കെ ബാക്കി ഉണ്ടാകും. ഇതാണു "SCAM"isthan. ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നുക അഴിമതി ചെയ്യുന്നതല്ല, മറിച്ചു അഴിമതി ചെയ്തു എന്ന് ജനങ്ങളോട് സമ്മതിക്കുന്നതാണ് തെറ്റ്  എന്നാണ്. ജനങ്ങളും ഈ വാര്‍ത്തകള്‍ക്കു അടിമപ്പെട്ടു കഴിഞ്ഞു. ഒരു ന്യൂസ്‌ ചാനലില്‍ പുതിയ അഴിമതിയുടെ വാര്‍ത്തയൊന്നും കേട്ടില്ലെങ്കില്‍ അത് ഉള്ള ചാനലിനു വേണ്ടി തിരയുകയാണ് ജനങ്ങള്‍. അഴിമതിയുടെ വാര്‍ത്തകള്‍ എത്രയുണ്ട് എന്ന് നോക്കിയാണ് ഇപ്പോള്‍ ചാനെലിന്റെ റേറ്റിംഗ്. ലോകത്തിനു തന്നെ മാതൃകയായ ഗാന്ധിജിയുടെ സ്വന്തം ജനത. പാവം ഗാന്ധിജി അറിയുന്നില്ലല്ലോ സ്വന്തം ജനതയ്ക്ക് മാതൃകയാകാന്‍ മാത്രം തനിക്കു പറ്റിയില്ലല്ലോ എന്ന്. ഈ വാര്‍ത്തയൊക്കെ കേള്‍ക്കുന്നതിലും നല്ലത് വല്ല പാട്ടും കേട്ടിരിക്കുകയാ... കുറച്ചു നേരത്തേക്കെങ്കിലും സങ്കല്പലോകത്ത് ചുറ്റിയടിക്കാല്ലോ. കൊടുങ്കാറ്റും ചൂടുമില്ലാത്ത, ഇളംകാറ്റും തണുപ്പും മാത്രമുള്ള യാഥാർത്ഥ്യയങ്ങൾക്ക് അവധി നല്‍കിയ ഒരു സങ്കല്പലോകം.......